രുദ്രപ്രയാഗ്: ഉത്തരാഖണ്ഡിലെ കേദാർനാഥ് തീർഥാടനപാതയിൽ ചിർബാസ ഹെലിപാഡിനു സമീപമുണ്ടായ മണ്ണിടിച്ചിലിൽ കുടുങ്ങിയ 6,500ലേറെ തീർഥാടകരെ ഇന്നലെ സുരക്ഷിതമായി മാറ്റി. 600-700 കുതിരകളെയും കോവർകഴുതകളെയും രക്ഷപ്പെടുത്തി.
ഞായറാഴ്ച ഗൗരികുണ്ഡ്-കേദാർനാഥ് പാതയിൽ ചിർബാസ ഹെലിപാഡിനു സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.
ഗൗരികുണ്ഡിൽനിന്ന് ഏകദേശം 2.5 കിലോമീറ്റർ മുകളിലുള്ള ഭാഗത്തെ പാത ഭാഗികമായി തകർന്നതോടെ തീർഥാടകർക്ക് യാത്ര തടസപ്പെട്ടു. മണ്ണിടിച്ചിലിനിടെ പാറ വീണ് ഒരു പ്രദേശവാസിക്ക് ജീവൻ നഷ്ടമായി.
തിങ്കളാഴ്ച കാലാവസ്ഥ മെച്ചപ്പെട്ടതോടെ മണ്ണിടിച്ചിൽ നിലച്ച സാഹചര്യത്തിൽ കേദാർനാഥിൽനിന്ന് മടങ്ങിയ തീർഥാടകരെ തടസപ്പെട്ട ഭാഗത്തുകൂടി ഘട്ടംഘട്ടമായി സുരക്ഷിതമായി കടത്തിവിട്ടു.
പാത പുനഃസ്ഥാപിക്കുന്നതിനായി പൊതുമരാമത്ത് വകുപ്പ് മണ്ണും പാറകളും നീക്കം ചെയ്യുന്ന പ്രവർത്തനം ആരംഭിച്ചു.